മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. തര്‍ക്കം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. മകനെ ഉപ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഏകനാഥ് ഷിന്‍ഡെ തുടങ്ങിയതായാണ് സൂചന.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പിണങ്ങി നില്‍ക്കുന്ന ഏകനാഥ് ശിന്‍ഡെ മുംബൈയിലേക്ക് മടങ്ങിയെത്തെങ്കിലും ഇന്നും മുന്നണി യോഗം ചേരാനായില്ല. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗവും നാളത്തേക്ക് മാറ്റി.
കുരുക്കഴിക്കാന്‍ വിജയ് രൂപാണിയെയും നിര്‍മ്മലാ സീതാരാമനെയും ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരായി അയക്കും. ആഭ്യന്തര വകുപ്പോടെ ഉപ മുഖ്യമന്ത്രിപദം എന്ന നിലപാടില്‍ നിന്ന് ഷിന്‍ഡേ പിന്നോട്ട് പോയിട്ടില്ല. മുഖ്യമന്ത്രിപദത്തില്‍ നിന്ന് മാറാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അദ്ദേഹം മകനെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. നിലവില്‍ കല്യാണില്‍ നിന്നുള്ള എംപിയാണ് മകന്‍ ശ്രീകാന്ത് ഷിന്‍ഡെ.