കേരളത്തിന് നിലവിൽ എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ

കേരളത്തിന് നിലവിൽ എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടി അനുബന്ധ ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായി മറുപടി മന്ത്രി നൽകിയില്ല.

കേരളത്തിന് എയിംസ് ലഭ്യമാകുമോയെന്ന് നേരത്തെയും ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ചോദിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിച്ചിട്ടും ആരോഗ്യ സംവിധാനങ്ങളിൽ രാജ്യത്ത് ഒന്നാമതുള്ള കേരളത്തിന് എയിംസ് നൽകാത്തത് വിവേചനമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയത്. കേരളത്തിനും എയിംസ് പരിഗണനയിലുണ്ട് എന്ന് ഒറ്റ വരിയിലായിരുന്നു ജെ പി നദ്ദയുടെ അന്നത്തെ മറുപടി. സമയമാകുമ്പോൾ കേരളത്തിന്‍റെ എയിംസ് ആവശ്യം പരിഗണിക്കുമെന്നും നദ്ദ രാജ്യസഭയിൽ അന്ന് മറുപടി നല്‍കിയിരുന്നു.

2014-ൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ രാജ്യത്തെ എല്ലാ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എയിംസ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കേരളത്തിന് ഇതുവരെ എയിംസ് സംബന്ധിച്ച ഉറപ്പ് കേരളത്തിന് കിട്ടിയിട്ടില്ല.

03-Dec-2024