കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ

കർഷകപ്രക്ഷോഭം വീണ്ടും കൊടുമ്പിരികൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വേദിയിലിരുത്തിയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം എന്നതാണ് ശ്രദ്ധേയം.

മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം ഉണ്ടായത്. കർഷകരുമായി യാതൊരു ചർച്ചകളും നടക്കുന്നില്ല എന്നും കഴിഞ്ഞ സർക്കാരുകൾ നൽകിയ ഉറപ്പുകൾ എന്തായി എന്നും ധൻകർ ചോദിച്ചു.

' കേന്ദ്ര കൃഷിമന്ത്രി ഇവിടെയുണ്ടല്ലോ. നിങ്ങൾക്ക് മുൻപുണ്ടായിരുന്ന കൃഷിമന്ത്രി എന്തെല്ലാം ഉറപ്പുകളാണ് നൽകിയതെന്ന് ഓർമ്മയുണ്ടോ? അവയിൽ എന്തെല്ലാം പാലിക്കപ്പെട്ടെന് അറിയുമോ?' എന്ന് ശിവരാജ് സിംഗ് ചൗഹാനോട് ധൻകർ ചോദിച്ചു. ' എന്തുകൊണ്ടാണ് കർഷകരുമായി ചർച്ചകൾ പോലും നടക്കാത്തത് എന്ന് എനിക്ക് മനസിലാകുന്നേയില്ല. ആരും മുതിരുന്നില്ല എന്നത് കൂടിയാണ് എന്റെ ആശങ്ക' എന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രി വേദിയിലിരിക്കെ ഉപരാഷ്ട്രപതിയുടെ വിമർശനം.

കൃഷിമന്ത്രിയുടെ കർത്തവ്യം എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുക എന്നത് കൂടിയാണെന്നും കർഷകസമരത്തെ മുൻനിർത്തി ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. സർദാർ വല്ലഭായ് പട്ടേൽ ചെയ്തത് പോലെ ആകണം കൃഷിമന്ത്രി ഇക്കാര്യത്തിൽ പ്രവർത്തിക്കേണ്ടത് എന്നും ജഗ്‌ദീപ് ധൻകർ ഓർമിപ്പിച്ചു.

'കർഷകർ ബുദ്ധിമുട്ടുന്നത് നമ്മൾ മനസിലാക്കണം. വളരെ ഗൗരവമേറിയ വിഷയമാണത്. അതിനെ ലഘുവായി കണ്ടാൽ, നമ്മുടെ നയരൂപീകരണം ശരിയായ ദിശയിലല്ല എന്നാണ് അർത്ഥം. രാജ്യത്തെ ഒരു ശക്തിക്കും കർഷകരുടെ സ്വരത്തെ അടിച്ചമർത്താനാകില്ല. കർഷകന്റെ ക്ഷമയെ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില കൊടുക്കേണ്ടിവരും'; ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

04-Dec-2024