അസമില്‍ ബീഫ് നിരോധിച്ചു

നിര്‍ണായക തീരുമാനവുമായി അസം മന്ത്രിസഭ. അസമില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലുമാണ് ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചിരിക്കുന്നത്. വാര്‍ത്ത സമ്മേളനത്തിലൂടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് തീരുമാനം അറിയിച്ചത്.

ബുധനാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് നിര്‍ണായക തീരുമാനം മുഖ്യമന്ത്രി പങ്കുവച്ചത്. നേരത്തെ അസം സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് വിളമ്പുന്നത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി മുഖ്യമന്ത്രി രംഗത്തെത്തുന്നത്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുവിടങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രഖ്യാപനം. മന്ത്രി പിജുഷ് ഹസാരിക ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

അതേസമയം തീരുമാനത്തെ അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നും ഹസാരിക കൂട്ടിച്ചേര്‍ത്തു.

04-Dec-2024