വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്ര സ‍ർക്കാർ

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സ‍ർക്കാർ. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്താൻ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്.

എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയോ എന്ന് വ്യക്തമല്ല. ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സ‍ർക്കാ‍ർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്തബാധിതർ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. കേന്ദ്ര ചട്ടം പ്രകാരം കേരളത്തിലെ നഷ്ടപരിഹാരം ദുരന്തബാധിതർക്ക് ആശ്വാസകരമല്ല.

വയനാട്ടിൽ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു.

04-Dec-2024