ആര്‍എസ്എസിന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു: എം സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നരേന്ദ്ര മോദി ഡിസാസ്റ്റര്‍ ടൂറിസ്റ്റാണെന്ന് എം. സ്വരാജ് പറഞ്ഞു. ആര്‍എസ്എസുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്നാണ് വയനാടിനോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് തെളിയിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അവഗണയ്ക്കെതിരെ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്ക്. മോദി വയനാട്ടില്‍ എത്തിയപ്പോള്‍ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചുപോയി. പക്ഷേ, ആര്‍എസ്എസിന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒരു ചില്ലിക്കാശിന്റെ സഹായം പോലും വയനാടിനു കിട്ടിയില്ല. രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രം കേരളത്തോട് ചെയ്തത്. മനുഷ്യരൂപം മാത്രമേ മോദിക്കുള്ളൂ, മനുഷ്യന്റെ ഹൃദയമില്ലെന്നും സ്വരാജ് പറഞ്ഞു.

പ്രിയങ്ക ഗാന്ധി കേന്ദ്രത്തിനെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്. സ്ഥിരബുദ്ധിയുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല അത്. കേന്ദ്രം സഹായിച്ചില്ലെങ്കിലും മലയാളികളുടെ സഹായത്തോടെ വയനാട്ടിലെ പുനരധിവാസം ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

05-Dec-2024