മഴ മാറിയതോടെ കാനനപാതയിലും തീർത്ഥാടക പ്രവാഹം

ശബരിമലയിൽ മണ്ഡലകാലം പകുതി പിന്നിട്ടതോടെ അയ്യപ്പ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ മാറിയതോടെ കാനനപാതയിലും തീർത്ഥാടക പ്രവാഹം. ഇന്നലെ വരെ 35,000 തീർത്ഥാടകരാണ് കാനന പാതയിലൂടെ കാൽനടയായി എത്തിയത്.

മണ്ഡല കാലം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനം നടത്തിയത് വെള്ളിയാഴ്ചയാണ്–89,840 പേർ. അതിൽ 17,425 തീർത്ഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല കയറിയത്. ഇന്നലെയും തീർത്ഥാടകരുടെ പ്രവാഹം തുടർന്നു.

ഉച്ചപൂജ കഴിഞ്ഞു നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി. അതിൽ 9960 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പുലർച്ചെ 3 മുതൽ 9 വരെയുള്ള കണക്കനുസരിച്ച് 35,979 പേരാണ് മലകയറി എത്തിയത്.

08-Dec-2024