ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് ധനസഹായം നല്‍കുന്നെന്ന ബിജെപി ആരോപണം തള്ളി യുഎസ്
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായ പ്രമുഖന് ഗൗതം അദാനിക്കും എതിരെയുള്ള ആക്രമണങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ചെയ്യുന്ന സംഘടനകളും അമേരിക്കന്‍ ''ഡീപ് സ്റ്റേറ്റിലെ'' ഘടകങ്ങളും ആണെന്ന ബിജെപിയുടെ ആരോപണങ്ങള്‍ അമേരിക്ക തള്ളി.
യുഎസ് എംബസിയില്‍ നിന്നുള്ള ഒരു വക്താവ് ആരോപണങ്ങളെ നിരാശാജനകമെന്ന് വിളിക്കുകയും ആഗോളതലത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന രാജ്യമാണ് യുഎസ് എന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ യുഎസ് ഡീപ് സ്റ്റേറ്റ് മീഡിയ പോര്‍ട്ടലായ ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്), കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കാനും സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കാനും ഒസിസിആര്‍പി റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചതായി ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. 'ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരാശാജനകമാണ്,' യുഎസ് എംബസി വക്താവ് പറഞ്ഞു.
'യുഎസ് ഗവണ്മെന്റ്, പത്രപ്രവര്‍ത്തകര്‍ക്കുള്ള പ്രൊഫഷണല്‍ ഡെവലപ്മെന്റിനെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനത്തെയും പിന്തുണയ്ക്കുന്ന പ്രോഗ്രാമിംഗില്‍ സ്വതന്ത്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ പ്രോഗ്രാം സംഘടനകളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെയോ ദിശയെയോ സ്വാധീനിക്കുന്നില്ല,' ഉദ്യോഗസ്ഥന് പറഞ്ഞു.
ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി, കുറ്റകൃത്യങ്ങളോടും അഴിമതിയോടും ബന്ധപ്പെട്ട കഥകളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മീഡിയ പ്ലാറ്റ്ഫോമാണ്. ജോര്‍ജ്ജ് സോറോസ്, റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന് തുടങ്ങിയ മറ്റ് 'ഡീപ് സ്റ്റേറ്റ്' വ്യക്തികള്‍'ക്കൊപ്പം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ യുഎസ്എഐഡി ആണ് ഒസിസിആര്‍പിക്ക് ധനസഹായം നല്‍കുന്നതെന്ന് ബിജെപി ഒരു ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരോപിച്ചിരുന്നു.