പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത്! ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. ശ്രുതിയ്ക്ക് ആശംസഅറിയിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്.

മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് ഈ സർക്കാർ നൽകുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യർക്ക് നൽകുന്ന കരുത്തുറ്റ ഉറപ്പാണ്.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു.പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.

09-Dec-2024