ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം

രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തിൽ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൃണമൂല്‍ കോൺഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആംആദ്നി പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയനീക്കം തുടങ്ങിയിരിക്കുന്നത്. രാജ്യസഭയിൽ പക്ഷപാതപരമായി ചട്ടങ്ങൾ ലംഘിച്ച് ഇടപെടുന്നു എന്ന് പലപ്പോഴായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

അനാവശ്യ ചര്‍ച്ചക്ക് അവസരമൊരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ജഗദീപ് ധന്‍കര്‍ ശ്രമിക്കുന്നതെന്ന് ഇന്നും സഭയിൽ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സത്യപ്രതിജ്ഞ ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ധന്‍കറും തട്ടിക്കയറിയിരുന്നു.

ജോര്‍ജ്ജ് സോറോസ്, അദാനി ബന്ധം പരസ്പരം ഉന്നയിച്ചായിരുന്നു പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് ഭരണ- പ്രതിപക്ഷ തര്‍ക്കം. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സോറോസമായുള്ള ബന്ധം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഭരണപക്ഷവും, മോദി അദാനി ബന്ധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്സസഭയില്‍ പ്രതിപക്ഷവും ബഹളം വച്ചതിനെ തുടര്‍ന്ന് ഇരുസഭകളും നാളത്തേക്ക് പിരിയിരുകയായിരുന്നു.

09-Dec-2024