വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അതിനിടെ, വയനാടിന് പ്രത്യേക പാക്കേജ് നല്‍കാത്ത കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി.

വയനാടിനായി കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി. ദുരന്ത ശേഷം എസ്ഡി ആര്‍എഫില്‍ നിന്ന് സഹായം നല്‍കി. നവംബറില്‍ എന്‍ ഡി ആര്‍ ഫില്‍ നിന്ന് പണം നല്‍കി. എസ് ഡി ആര്‍ ഫില്‍ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവിടെയെത്തി ആശ്വാസം നല്‍കി.

ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ശ്രമിച്ചത്. എയര്‍ ഫോഴ്‌സും, എന്‍ഡിആര്‍ഫും വയനാട്ടിലെത്തി കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തി. കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

12-Dec-2024