ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു-കാശ്മീരും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തര്‍പ്രദേശുമാണ് ഏറ്റവും പിന്നില്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്‌സ് ഫോര്‍ 2023-24 ലാണ് ദിവസക്കൂലിയുടെ കാര്യത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമീണ മേഖലയിലെ പുരുഷ കര്‍ഷക തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ജമ്മു-കാശ്മീരില്‍ അത് 566.1 രൂപയും മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി.

മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തര്‍പ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവും പിന്നിലാണ്. ഗ്രാമീണ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസ വേതനം കേരളത്തില്‍ 893.6 രൂപയാണ്. ജമ്മു-കാശ്മീര്‍ (552.2), തമിഴ്‌നാട് (539.7) സംസ്ഥാനങ്ങള്‍ തന്നെയാണ് തൊട്ടടുത്ത്. 471.3 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശ് (292.4), ത്രിപുര (322.2), ഗുജറാത്ത് (344.4) സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. 2014-15 വര്‍ഷം കേരളത്തിലെ നിര്‍മാണ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 787.9 രൂപയായിരുന്നു എന്ന് ആര്‍.ബി.ഐയുടെ കണക്കില്‍ വ്യക്തമാക്കുന്നു.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് വന്‍തോതില്‍ തൊഴിലാളികള്‍ വരാനുള്ള കാരണവും ഇത് തന്നെയാണ്.

14-Dec-2024