എല്ലാ സീറ്റുകളിലും ആംആദ്മി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
അഡ്മിൻ
ആംആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കേജ്‌രിവാളിന്റെ പേരുളളത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും.
അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും. 2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും ആംആദ്മി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആംആദ്മി സ്വന്തം ശക്തിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 'പാർട്ടി പൂർണ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയും മത്സരിക്കും. ഡൽഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ആംആദ്മിക്ക് വ്യക്തമായകാഴ്ചപ്പാടുണ്ട്. അത് നടപ്പിലാക്കാൻ നിരവധി പദ്ധതികളും വിദ്യാസമ്പന്നരായ നേതാക്കൻമാരും ഞങ്ങൾക്കുണ്ട്. ഡൽഹിക്കാർ വോട്ട് ചെയ്യുന്നത് അതിനായി പ്രവർത്തിക്കുന്നവർക്കാണ്. അല്ലാതെ അധികാരം ദുരുപയോഗം ചെയ്യുന്നവർക്കല്ല'- അദ്ദേഹം വ്യക്തമാക്കി.