രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

ലോക്സഭയില്‍ ഭരണഘടനയെക്കുറിച്ച് നടന്ന തീപാറുന്ന ചര്‍ച്ചയ്ക്ക് രാജ്യസഭയിലും തുടര്‍ച്ചയുണ്ടാകും. രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. ധനമന്ത്രി നിർമല സീതാരാമനാണ് ചർച്ച തുടങ്ങിവയ്ക്കുക. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ബില്ല് ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. ബില്‍ പാസാകാന്‍ പ്രതിബന്ധങ്ങള്‍ ഏറെയാണ്‌. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. അതിനാലാണ് അവതരണം മാറ്റിവച്ചത്. ബില്‍ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും.

ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2034 മുതല്‍ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടിവരും. ആദ്യ ഘട്ടത്തില്‍ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും പിന്നീട് നൂറു ദിവസം കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്താനാണ് നീക്കം.

16-Dec-2024