ശബരിമല വരുമാനത്തില്‍ റെക്കോർഡ് വര്‍ധനവ്; അരവണയില്‍ നിന്ന് മാത്രം 82 കോടി
അഡ്മിൻ
ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോള്‍ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.
അരവണ വില്‍പ്പനയില്‍ നിന്നാണ് കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ശബരിമലയില്‍ ആകെവരുമാനത്തില്‍ ഉണ്ടായ 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണവില്പനയില്‍നിന്നാണ്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമെത്തി.
ദർശനത്തിന് എത്തിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനോടകം 22.67 ലക്ഷം ഭക്തരാണ് ശബരിമലയില്‍ ദർശനം നടത്തിയത്.