'എന്റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും അവസാനിപ്പിച്ചതും ഗാന്ധി കുടുംബം'; മണിശങ്കര്‍ അയ്യര്‍

തന്റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കർ അയ്യർ.പത്തുവർഷമായി സോണിയാ ഗാന്ധിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചില്ല. രാഹുൽ ഗാന്ധി എന്നെ കാണാൻ പോലും തയ്യാറായില്ല. ഇതോടെ ഞാൻ കോൺഗ്രസിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ഞാൻ ബിജെപിയിലേക്കോ മറ്റേതെങ്കിലും പാർട്ടിയിലേക്കോ പോയിട്ടില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

തൻ്റെ വരാനിരിക്കുന്ന ആത്മകഥയായ 'എ മാവെറിക്ക് ഇൻ പൊളിറ്റിക്‌സ്' പശ്ചാത്തലത്തിലാണ് അയ്യർ വാർത്താ ഏജൻസിയായ പിടിഐയോട് ഗാന്ധികുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
'രാഷ്ട്രീയത്തില്‍ ഒരു വ്യക്തിക്കു വിജയിക്കണമെങ്കില്‍ ഏതെങ്കിലും അർഥത്തിലുള്ള ശക്തമായൊരു അടിത്തറ വേണം. ഒന്നുകില്‍ ആർക്കും തോല്‍പിക്കാനാകാത്ത തരത്തില്‍ അജയ്യനായി നില്‍ക്കുന്ന മണ്ഡലമുണ്ടാകണം. അല്ലെങ്കില്‍ ജാതിയുടെയോ മതത്തിന്റെയോ പിൻബലം വേണം.എനിക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രിയപ്പെട്ടയാളായിരുന്നു ഞാൻ.

സോണിയ ഗാന്ധിക്കും അങ്ങനെത്തന്നെ. എന്നാല്‍, അതൊരു അനിശ്ചിതത്വം നിറഞ്ഞ പിൻബലമായിരുന്നു. 2010ല്‍ സോണിയ ഗാന്ധി എന്നോട് കയർത്ത ശേഷം പൂർണമായല്ലെങ്കിലും ആ പിന്തുണ എനിക്ക് നഷ്ടപ്പെട്ടു.'-അദ്ദേഹം പറഞ്ഞു.

പത്തു വർഷത്തോളം സോണിയ ഗാന്ധിയെ നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം ഒരിക്കല്‍ മാത്രമാണ് കാര്യമായ സമയം ചെലവഴിക്കാൻ കഴിഞ്ഞത്. ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രിയങ്ക ഗാന്ധിക്കൊപ്പവും ഇരിക്കാനായത്. പ്രിയങ്ക ഫോണില്‍ സംസാരിക്കാറുള്ളതുകൊണ്ട് കുടുംബവുമായി ബന്ധം തുടരുന്നുണ്ട്. തന്റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും അവസാനിപ്പിച്ചതും ഗാന്ധി കുടുംബമാണെന്നതാണ് വിരോധാഭാസകരമായ കാര്യമെന്നും അയ്യർ ചൂണ്ടിക്കാട്ടി.

16-Dec-2024