യുഡിഎഫിന് അധികാരക്കൊതി; കേന്ദ്രത്തിനും സിന്ദാബാദ് വിളിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടില്‍ യുഡിഎഫിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നശിച്ചുപോകട്ടേയെന്ന ചിന്താഗതിയാണ് യുഡിഎഫിന്. അതിനായി അവര്‍ ദുരന്തത്തേയും ഉപയോഗിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

മറ്റിടങ്ങളില്‍ എല്ലാം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം ഇതിനെതിരെ ഒന്നിച്ചുനില്‍ക്കണം. ഈ വിഷയത്തില്‍ ബിജെപിയുടെ പരിതി മനസിലാക്കാം. മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എന്താണ് ഒന്നിച്ച് നില്‍ക്കാൻ തടസം. എല്‍ഡിഎഫ് സര്‍ക്കാര്‍ നശിച്ചുപോകട്ടെയെന്നതാണ് അവരുടെ ചിന്താഗതി. കേന്ദ്ര സര്‍ക്കാരിന് യുഡിഎഫ് സിന്ദാബാദ് വിളിക്കുന്നു.

അധികാരക്കൊതി മൂത്ത് അന്ധത ബാധിച്ച യുഡിഎഫ് നല്ല ഡോക്‌ടറെ കാണണം. അന്ധതയ്ക്ക് കുറവ് വരുത്തി നല്ല നിലപാടിലേക്ക് യുഡിഎഫ് എത്തണമെന്നും അദ്ദേഹം കാസർകോട് പറഞ്ഞു.
'മെക് സെവൻ' വിവാദത്തില്‍ കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മുഹമ്മദ്‌ റിയാസ് അറിയിച്ചു. ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16-Dec-2024