ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം; ബാഗുമായി പ്രിയങ്ക പാർലമെൻറിൽ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെൻറിൽ ഇന്നെത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ടു ദിവസം മുമ്പ് പലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻറെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു. പിന്നീട് ലോക്സഭയിലെ ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ലേദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശ് യുദ്ധ വിജയത്തിൻറെ പ്രതീകമായ ചിത്രം കരസേന ആസ്ഥാനത്ത് നിന്ന് എടുത്തു മാറ്റിയെന്ന റിപ്പോർട്ടും പ്രിയങ്ക ഉന്നയിച്ചു. സംസാരം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രിയങ്കയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയി . ഭരണഘടന ചർച്ചയിലെ പ്രസംഗവും ചര്‍ച്ചയായതിന് ശേഷം പ്രിയങ്ക ഗാന്ധി പാർലമെൻറിലും പുറത്തും കൂടുതൽ സജീവമാകുന്നതാണ് കാണുന്നത്. അതിന്‍റെ ഭാഗമാണ് ഇന്നത്തെ ബംഗ്ലാദേശ് ബാഗുമായുള്ള വരവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

17-Dec-2024