ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ;

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്തമായി എന്നാണ് വിവരം. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.

വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. എല്ലാ കലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ നിന്ന് 730 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയത്. ഇത് അര്‍ധരാത്രിയില്‍ അതിതീവ്ര ന്യൂനമര്‍ദമായി. ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും.

സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള-തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയില്‍ ക്രമീകരിക്കാനാണ് ആലോചന. ഇന്നലെ വൈകിട്ട് ആറിന് 2387.38 അടിയായിരുന്നു ജലനിരപ്പ്.

07-Oct-2018