ശബരിമല പ്രക്ഷോഭം കലാപ ഗൂഡാലോചനയുടെ ഭാഗം

കേരളത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ കലാപമുണ്ടാക്കാന്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട്  സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് എന്നതിന്റെ തെളിവുകള്‍ പുറത്ത്.

സുപ്രീംകോടതിയില്‍ ഈ ആവശ്യവുമായി ആദ്യമെത്തിയത് സംഘപരിവാര്‍  പ്രവര്‍ത്തകരാണ്. 2006 ജൂലൈ 28ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഞ്ച് വനിതാ അഭിഭാഷകര്‍ ആര്‍ എസ് എസ്, ബി ജെ പി, വി എച്ച് പി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വ്യക്തമായി.

ശബരിമല വിഷയത്തില്‍ സ്ത്രീതുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കേരളത്തില പുരോഗമന പ്രസ്ഥാനങ്ങളെ വിശിഷ്യാ സിപിഐ എംനെ ഹിന്ദു ഭൂരിപക്ഷത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്നതാണ് ആര്‍ എസ് എസ് നേതൃത്വം ഈ നീക്കത്തിലൂടെ ലക്ഷ്യം വെച്ചത്. ഇപ്പോള്‍ കേരളത്തില്‍ ആര്‍ എസ് എസ് - ബി ജെ പി നിയന്ത്രിക്കുന്ന സമരാഭാസങ്ങളിലൂടെ നേരത്തെ നടത്തിയ ഗൂഡാലോചനയാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കശര്‍മ, സുധപാല്‍ എന്നിവരാണ് 12 വര്‍ഷം നീണ്ട കേസിനാധാരമായ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. താനും ഭര്‍ത്താവും ആര്‍ എസ് എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി മാധ്യമങ്ങളോട് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് ആദ്യഘട്ടത്തില്‍ ശബരമലയിലെ സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്യുകയും കൂടുതല്‍ ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നത് നല്ലതാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതേസമയം ബി ജെ പി നേതൃത്വത്തോട് കലാപത്തിനുള്ള ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാനും ആര്‍ എസ് എസ് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ വിരുദ്ധ വികാരത്തേക്കാളുപരി, സിപിഐ എം വിരുദ്ധ വികാരം ശബരിമല സമരവിഷയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസിന്റെ ഈ നീക്കം മനസിലാക്കിയാണ് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് സ്ത്രീവിരുദ്ധമാക്കി മാറ്റി, സിപിഐ എംനെയും സര്‍ക്കാരിനെയും എതിര്‍ക്കുന്നത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍പിള്ള, ശബരിമലയിലെ സ്ത്രീപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പന്തളം-തിരുവനന്തപുരം മാര്‍ച്ച് കടുത്ത പ്രകോപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നടത്തണമെന്നാണ് സംഘപരിവാരം തീരുമാനിച്ചിട്ടുള്ളത്. പോലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കടന്നാക്രമിക്കാനുള്ള നിര്‍ദേശം മാര്‍ച്ചില്‍ സഞ്ചരിക്കുന്നവര്‍ക്ക് നല്‍കി കഴിഞ്ഞു. മാര്‍ച്ച് സഞ്ചരിക്കുന്ന വഴികളിലുള്ള സിപിഐ എം ഓഫീസുകള്‍ വ്യാപകമായി തകര്‍ക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കി വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പ്രതീതി സൃഷ്ടിക്കണം എന്നും ആര്‍ എസ് എസ് നിര്‍ദേശമുണ്ട്. ബി ജെ പി നേതൃത്വത്തിലുള്ള മാര്‍ച്ച് തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും കേരളം കത്തണമെന്ന ആര്‍ എസ് എസ് തീരുമാനം നടപ്പിലായാല്‍ ബി ജെ പിക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയലാഭം ലഭിക്കുമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്.

കോണ്‍ഗ്രസുകാരെ വിലക്കെടുത്ത് ത്രിപുരയെ സ്വന്തമാക്കിയ രീതിക്ക് പകരം കേരളത്തില്‍ പുതിയൊരു രീതിയാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം മുന്നോട്ടുവെക്കുന്നത്. അതിന്റെ ഭാഗമായാണ് കലാപത്തിനുള്ള മുന്നൊരുക്കങ്ങളെടുക്കുന്നത്. ഇത് മുന്‍കൂട്ടി മനസിലാക്കിയതിനാലാണ് കോണ്‍ഗ്രസ് പാര്‍ടി, ബി ജെ പിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ നിലപാടെടുത്ത് നില്‍ക്കുന്നത് എന്നാണ് സൂചനകള്‍.

10-Oct-2018