1987 ല്‍ സതിയ്ക്കുവേണ്ടി അണിനിരന്നതും സംഘപരിവാര്‍: അന്ന് തെരുവിലിറക്കിയത് പതിനായിരങ്ങളെ

1829ല്‍ സതി നിരോധിക്കപ്പെട്ട് ഒന്നര നൂറ്റാണ്ടിനുശേഷം രാജസ്ഥാനില്‍ 1987ല്‍ സതി നടന്നപ്പോള്‍ അതിന്റെ സംഘാടനത്തിനും സംരക്ഷണത്തിനും മുമ്പില്‍ നിന്നതും  സംഘപരിവാര്‍ ശക്തികള്‍. അന്ന് ആയിരക്കണക്കിന് സ്ത്രീകളെ അടക്കം അണിനിരത്തി അവര്‍ റാലികള്‍ നടത്തി. സതി രജപുത്രരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും തടയാനാകില്ലെന്നുമായിരുന്നു വാദം. സതിയെ ഉദാത്തവല്‍ക്കരിയ്ക്കുന്നതിനെതിരായ നിയമപ്രകാരം അറസറ്റിലായവരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും ഉള്‍പ്പെട്ടിരുന്നു.

കേരളത്തിലെ തെരുവുകളില്‍ ഇന്ന് അരങ്ങേറുന്ന നാമജപ ഘോഷയാത്രകളേക്കാള്‍ പതിന്മടങ്ങ് ജനാവലിയെ അന്നവര്‍ക്ക് രാജസ്ഥാനില്‍ അണിനിരത്താനായി. സതി നടന്ന സ്ഥലത്ത് കെട്ടിപ്പൊക്കിയ 'സതിസ്ഥല്‍' ക്ഷേത്രത്തില്‍ അഞ്ചുലക്ഷത്തോളം പേര്‍ വന്നുപോയതായി 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സതി നടന്ന സ്ഥലം വളച്ചുകെട്ടിയ നിലയില്‍

സതി നടന്ന സ്ഥലം വളച്ചുകെട്ടിയ നിലയില്‍


രാജസ്ഥാനിലെ ദേവ് രാല ഗ്രാമത്തിൽ 1987 സപ്തംബര്‍ നാലിനാണ് പതിനെട്ടുകാരിയായ രൂപ് കൻവാർ ഭര്‍ത്താവ് മാൻസിംഗിന്റെ ചിതയില്‍ എരിഞ്ഞടങ്ങിയത്. ചിതയില്‍ സ്വയം ചാടിയതാണോ നിര്‍ബ്ബന്ധപൂര്‍വ്വം ചിതയില്‍ എറിയുകയായിരുന്നോ എന്ന് വ്യക്തമല്ല. ഭര്‍ത്താവിന്റെ തല മടിയില്‍ വെച്ച് ചിതയിലിരുന്ന രൂപ്‌ കൻവാർ ചിത കത്തിതുടങ്ങിയപ്പോള്‍ താഴെ വീണെന്നും ജനക്കൂട്ടം അവളെ വീണ്ടും ചിതയില്‍ കിടത്തി എന്നും ദൃക്‌സാക്ഷി മൊഴികളുണ്ടായി.
 
കോണ്‍ഗ്രസ് നേതാവ് ഹര്‍ദേവ് ജോഷിയായിരുന്നു അന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി. സപ്തംബര്‍ നാലിനാണ് രൂപ് കന്‍വര്‍ മരിച്ചത്. ആറിനു തന്നെ മുഖ്യമന്ത്രിയെ കണ്ട് മഹിളാ സംഘടനകളുടെ പ്രതിനിധി സംഘം ഇടപെടാന്‍ അഭ്യര്‍ഥിച്ചു. ഒന്നും സംഭവിച്ചില്ല. ആഭ്യന്തരമന്ത്രി ഗുലാബ് സിങ് ശെഖാവത്ത് ആകട്ടെ അതൊക്കെ മതപരമായ കാര്യങ്ങളാണെന്നും സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും പരസ്യനിലപാടെടുത്തു.
സതിയ്ക്കനുകൂലമയി ജയ്പൂരില്‍ നടന്ന റാലികളില്‍ ഒന്ന്

സതിയ്ക്കനുകൂലമയി ജയ്പൂരില്‍ നടന്ന റാലികളില്‍ ഒന്ന്

വിലക്കില്ലാതെ സതി ആഘോഷം പൊടിപെടിച്ചു. സതിസ്ഥലിലെത്തുന്നവരുടെ എണ്ണം അയ്യായിരം പേരില്‍ നിന്ന് 50,000 പേരിലേക്ക് ഉയര്‍ന്നു. 75000 പേര്‍ വരെ പങ്കെടുത്ത റാലികള്‍ നടന്നു.ഒടുവില്‍ സതിയ്ക്കുശേഷം 12 ദിവസം കഴിഞ്ഞ് സെപ്തംബര്‍ 16ന് നടന്ന ചുനരി മഹോല്‍സവത്തില്‍ രണ്ടുലക്ഷം പേരാണ്  പങ്കെടുത്തത്. ഈ പരിപാടികള്‍ക്കൊക്കെ നേതൃത്വം നല്‍കിയത് പിന്നീട് കേന്ദ്രമന്ത്രിയായ കല്യാണ്‍സിങ്ങ് കല്‍വിയും അന്ന് പിസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന ഡി എസ് ശേഖാവത്തും ഉണ്ടായിരുന്നു.
 
അന്നും എതിര്‍ക്കാന്‍ പുരോഗമന പ്രസ്ഥാനമുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള മഹിളാ പ്രസ്ഥാനങ്ങള്‍ ജയ്പൂരിലടക്കം പ്രതിഷേധ റാലി നടത്തി. സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തില്‍ സതിയ്ക്കെതിരെ നില്‍ക്കുന്ന ഹിന്ദുസന്യാസിമാരെ അണിനിരത്തി ഡല്‍ഹിയില്‍ നിന്ന്  ദേവ്‌രാലയിലേക്ക് ജാഥ നടത്തി. അവരെ പൊലീസ് അറസ്റ്റുചെയ്തു.

 

സതിയ്ക്കെതിരെ സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തില്‍ നടന്ന റാലി

സതിയ്ക്കെതിരെ സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തില്‍ നടന്ന റാലി


രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നതോടെ സതിയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരെ നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.ഈ നിയമം പിന്നീട് പാര്‍ലമെന്റും പാസാക്കി. രാജസ്ഥാന്‍ നിയമസഭയിലെ ചര്‍ച്ചയില്‍ ബില്ലിനെതിരെ

രാജേന്ദ്ര സിങ്ങ് റാത്തോര്‍

രാജേന്ദ്ര സിങ്ങ് റാത്തോര്‍

ബിജെപി ശക്തമായി തന്നെ രംഗത്തെത്തി.  മതസംബന്ധമായ വിഷയമാണ് സതിയെന്നും അതില്‍ നിയമനിര്‍മാണം അരുതെന്നുമായിരുന്നു മുഖ്യവാദം. ഒടുവില്‍ നിയമം പാസായി. സതി മഹത്വവല്‍ക്കരിച്ചതിന് 11 പേര്‍ക്കെതിരെ കേസെടുത്തു. അവരില്‍ പ്രമുഖന്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും അന്ന് എംഎല്‍എയുമായ രാജേന്ദ്ര സിങ്ങ് റാത്തോര്‍ ആയിരുന്നു. റാത്തോര്‍ ഇപ്പോള്‍ രാജസ്ഥാനില്‍ മന്ത്രിയാണ് . മറ്റൊരാള്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായിരുന്ന  പ്രതാപ് സിങ് കച്ചാരിയാവാസും. ബിജെപി നേതാവായ നരേന്ദ്രസിങ്ങും പ്രതിപ്പട്ടികയിലുണ്ടായിരുന്നു

ഈ കേസിലും സതിയ്ക്ക് പ്രേരണ നല്‍കിയവര്‍ക്കെതിരായ കേസിലെയും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. സര്‍ക്കാര്‍ പോലും വേണ്ടത്ര താല്‍പര്യം കാട്ടാതെ കേസുകള്‍ അവസാനിച്ചു. കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. 2004ല്‍ കേസിലെ എല്ലാപ്രതികളെയും കോടതി വെറുതെവിട്ടു. വിധിന്യായത്തില്‍ പഴുതുകള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍പോലും അന്നും ഇന്നും  രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധരരാജെസിന്ധ്യ തയ്യാറായില്ല

11-Oct-2018