പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാൻ: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി പോകുന്നത്. രണ്ട് സന്ദര്‍ശനങ്ങളും യാദൃശ്ചിക സന്ദര്‍ശനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധമാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനുദാഹരണമാണ് ബജറ്റ്. കേരളത്തെ തഴഞ്ഞത് സ്വാഭാവികമായ കാര്യമാണ്, എപ്പോഴും ഉണ്ടാകുന്നതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ട പല പ്രധാന കാര്യങ്ങളും ബജറ്റില്‍ ഇല്ല. കര്‍ഷകരെ ദ്രോഷിക്കുന്ന നടപടികള്‍ തുടരെ തുടരെ ഉണ്ടാകുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടാകുന്നു. പദ്ധതിയില്‍ ഒരു പൈസ പോലും വര്‍ദ്ധിപ്പിക്കാന്‍ ഈ ബജറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായില്ല. രാജ്യത്ത് പാവപ്പെട്ടവര്‍ കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയും സമ്പന്നര്‍ വീണ്ടും സമ്പന്നരാവുകയുമാണ്. ആഹാരത്തിന് വഴിയില്ലാത്ത കോടിക്കണക്കിന് ആളുകളാണ് രാജ്യത്ത് ജീവിക്കുന്നത്. എന്നിട്ടും 7 ലക്ഷം കോടി രൂപയുടെ കുറവ് ഭക്ഷ്യ സബ്‌സിഡിയില്‍ വരുത്തി. എന്ത് ക്രൂരതയാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തോട് ശത്രുതാ മനോഭാവത്തോടെ കേന്ദ്രം പെരുമാറുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് എന്തു കുറ്റമാണ് കേരളം ചെയ്തത്? ഒരുപാട് നേട്ടങ്ങളുടെ കഥകള്‍ പറയാനുള്ള നാടാണ് കേരളം. നമ്മള്‍ പറയുന്നതല്ല അത്, മറിച്ച് ഇന്ത്യ ഗവണ്‍മെന്റ് അടക്കം ചാര്‍ത്തി തന്നിട്ടുള്ള മികവുകളാണ്. പക്ഷേ ബജറ്റ് വരുമ്പോള്‍ തഴയപ്പെടുന്നു. സംസ്ഥാനത്തിന് അര്‍ഹമായ കാര്യങ്ങള്‍ അനുവദിക്കണം. നമുക്ക് അര്‍ഹതയില്ല എന്ന് ആരും പറയില്ല. ആരോഗ്യ മേഖലയില്‍ ഇന്ത്യയില്‍ മികച്ചത് കേരളമാണ്. ഇത് കേന്ദ്രവും അംഗീകരിച്ചതാണ്. എന്നാല്‍ നമുക്ക് എയിംസ് ഇല്ല.

എയിംസ് അനുവദിക്കണമെന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പേ നമ്മള്‍ പറയുന്നതാണ്. എയിംസിന് നാല് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ കേന്ദ്രം ഒരു പ്രത്യേക സ്ഥലം പറയണമെന്ന് പറഞ്ഞു. അതും നിര്‍ദ്ദേശിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കേരളം എന്ന പേര് പരാമര്‍ശിക്കാത്ത ബജറ്റാണ് കഴിഞ്ഞത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടേത് നെറികേടിന്റെ ഭാഗമാണെന്നും നെറികെട്ട ഭാഷയാണ് അവരുടേതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

11-Feb-2025