കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ടാകുമ്പോഴാണ്: കൃഷി മന്ത്രി പി. പ്രസാദ്
അഡ്മിൻ
കൃഷിഭവനുകൾ കർഷകരുടെ ഭവനം ആകണമെന്നും കാർഷിക സേവനങ്ങൾ സ്മാർട്ടാകുമ്പോഴാണ് കൃഷി ഭവൻ സ്മാർട്ടാകുന്നതെന്നും കൃഷി മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവനായ കരകുളം സ്മാർട്ട് കൃഷിഭവൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കരകുളത്തിന്റെ മണ്ണിൽ ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കൃഷി ഭവൻ എന്ന ആശയം കേരളത്തിൽ ഉടലെടുത്തതും കരകുളത്തിന്റെ മണ്ണിൽ അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി.വി. രാഘവന്റെ ദീര്ഘവീക്ഷണത്തിന്റെ ഫലമായിട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് അവരുടെ സ്വന്തം വീട് പോലെ കയറിചെല്ലാവുന്ന ഒരിടമാവണം കൃഷി ഭവനുകൾ, കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ സേവനങ്ങളിൽ ഉണ്ടാകണമെന്നും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങൾ കർഷകർക്ക് നൽകുന്നതിൽ ജീവനക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കരകുളം ഇന്ന് നഗരവത്കരണത്തിന്റെ പാതയിലാണ്, നെൽകൃഷി നിലവിൽ ഇല്ലെങ്കിലും പച്ചക്കറി, വാഴ കൃഷിമേഖലയിൽ വളരെയധികം സാധ്യതകളുള്ള പഞ്ചായത്താണ്. സ്മാർട്ട് കൃഷിഭവൻ സേവനങ്ങൾ ഫലപ്രദമായി കർഷകർ ഉപയോഗപ്പെടുത്തണമെന്നും, ഭക്ഷ്യസുരക്ഷ ലക്ഷ്യംവെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന സമ്പൂർണ്ണ പച്ചക്കറി യഞ്ജത്തിലൂടെ സ്വയംപര്യാപ്തതയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സംഭാവനകൾ നൽകാൻ കർഷകരെ മന്ത്രി ആഹ്വാനം ചെയ്തു.
ഉയർന്നു വരുന്ന ലോക ജനസംഖ്യ നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. കാർഷികയോഗ്യമായ ഭൂമികളിൽ നൂതന കൃഷി രീതികൾ അവലംബിച്ച് പരമാവധി കൃഷി ചെയ്തു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാനാകൂ. കേരളത്തിലുടനീളം നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര പദ്ധതിയിലൂടെ നെടുമങ്ങാട് മണ്ഡലത്തിന് ആവശ്യമായ എല്ലാ വിധ പദ്ധതി പിന്തുണയും മന്ത്രി തദവസരത്തിൽ പ്രഖ്യാപിച്ചു.
ശാസ്ത്രീയമായ കൃഷി രീതികൾ സ്വീകരിക്കാനും, ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനും സ്മാർട്ട് കൃഷിഭവൻ സംവിധാനങ്ങളിലൂടെ കർഷകർക്ക് കഴിയണമെന്നും, മണ്ണ് പരിശോധന, കീട രോഗ നിർണ്ണയം തുടങ്ങിയ മേഖലകളിൽ കർഷകർക്ക് ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കരകുളം കൃഷിഭവന് കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു.
നെടുമങ്ങാട് മണ്ഡലത്തിൽ നടത്തപ്പെട്ട കൃഷിദർശൻ പരിപാടിയിൽ ഉയർന്നു വന്ന ആവശ്യപ്രകാരം കരകുളം കൃഷിഭവന് വട്ടപ്പാറയിൽ സബ്സെന്റർ അനുവദിച്ച കൃഷി മന്ത്രി പി.പ്രസാദിന്റെ ഉറച്ച തീരുമാനത്തെയും കർഷകരോടുള്ള പ്രതിബദ്ധതയെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തദവസരത്തിൽ കർഷകരായ എൻ. സദാശിവൻ നായർ, റാണി ഡേവിഡ്‌സൺ, എ. രാമചന്ദ്രൻ നായർ എന്നിവർക്ക് കൃഷി മന്ത്രി സ്മാർട്ട് ഐ.ഡി. കാർഡുകൾ വിതരണം ചെയ്തു.
കൃഷിഭവനകളെ നവീനവൽക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ. കർഷകർക്കും പൊതുജനങ്ങൾക്കും കൃത്യവും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽ കരകുളം, മംഗലാപുരം എന്നീ കൃഷിഭവനുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി അനുവദിച്ചത്. കൃഷി വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയോടൊപ്പം കരകുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ വകയിരുത്തിയ 12.5 ലക്ഷം രൂപ കൂടെ വിനിയോഗിച്ചാണ് സ്മാർട്ട് കൃഷിഭവൻ യാഥാർഥ്യമാക്കിയത്.
സാങ്കേതിക വിദ്യ വികസനം, അടിസ്ഥാന സൗകര്യവികസനം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിള പരിപാലന കേന്ദ്രം, അറ്റകുറ്റ പണികളും പുതുക്കി പണിയലും വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ കരകുളം ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗവും, വാങ്ങൽ പ്രവർത്തികൾ കൃഷി ഭവൻ മുഖേനെ പൂർത്തിയാക്കിയുമാണ് സമയബന്ധിതമായി സ്മാർട്ട് കൃഷി ഭവൻ പൂർത്തിയാക്കിയത്. കാർഷിക സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കി പേപ്പർലെസ്സ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, പ്ലാന്റ് ഹെൽത്ത് ക്ലിനിക് മുഖേന വിളപരിപാലന പരിപാടികൾ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സ്മാർട്ട് കൃഷിഭവനിലൂടെ പ്രാഥമികമായി നടപ്പിലാക്കും.
കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖറാണി സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി. പദ്ധതി വിശദീകരണവും കൃഷി ഓഫീസർ അശ്വതി കെ. ശശിധരൻ നന്ദി പ്രകാശനവും നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വൈസ് പ്രസിഡന്റ് പി. വൈശാഖ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. വി. ശ്രീകാന്ത്, കരകുളം വൈസ് പ്രസിഡന്റ് സുനിൽകുമാർ റ്റി, സ്റ്റാന്റിംഗ് കമ്മിറ്റി പ്രതിനിധികൾ ഉഷ കുമാരി, രാജീവ് വി. മറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്തു.
11-Feb-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ