കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കാരണമാണ് കിഫ്‌ബിയില്‍ വരുമാനം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിച്ചത് : മുഖ്യമന്ത്രി

കിഫ്ബി റോഡുകള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കിഫ്ബിയെ വരുമാനം ഉണ്ടാക്കുന്ന മാതൃകയാക്കി മാറ്റണം എന്നും യൂസര്‍ഫീയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും എന്നും അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കാരണമാണ് കിഫ്‌ബിയില്‍ വരുമാനം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ കാല്‍വെയ്പാണ് കിഫ്ബി. മികച്ച സാമ്പത്തിക മാതൃക കൂടിയാണിത്. കിഫ്ബിയുടെ വളര്‍ച്ചയ്ക്ക് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

12-Feb-2025