കൊവിഡിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി

കേരള ഇക്കണോമിക് അസോസിയേഷൻ (KEA) സംഘടിപ്പിക്കുന്ന കേരള ഇക്കണോമിക് കോൺഫറൻസ് 2025ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡാനന്തരകാലത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യ നിയന്ത്രണത്തിൽ സംസ്ഥാനത്തിന് വലിയ നേട്ടങ്ങളുണ്ടായി.
പശ്ചാത്തല മേഖലകളുടെ വികസനം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ തരംഗം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഈ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമുള്ള സാധ്യതകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ തീർത്ഥങ്കർ റോയ്, കെ രവി രാമൻ എന്നിവർ ചേർന്ന് രചിച്ച “കേരളം 1956 മുതൽ ഇതുവരെ ” എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെഇഎ പ്രസിഡന്റ് പ്രൊഫ. കെ എൻ ഹരിലാൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പ്രൊഫ. എം എ ഉമ്മൻ മുഖ്യാതിഥിയായി. മുൻ ചീഫ് സെക്രട്ടറി എസ് എം വിജയനന്ദ്, പ്രൊഫസർ എസ് ഇരുദയ രാജൻ, പ്രൊഫ: കെ ജെ ജോസഫ്, പ്രൊഫ: സി വീരമണി , പ്രൊഫ: ഷീജ എസ് ആർ, പ്രൊഫ: അനില ജെ എസ് തുടങ്ങിയവർ പങ്കെടുത്തു. കേരള ഇക്കണോമിക് അസോസിയേഷൻ
ജനറൽ സെക്രട്ടറി സന്തോഷ് ടി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങൽ ഡോ : എസ് കെ ഗോഡ്വിൻ കൃതജ്ഞത രേഖപ്പെടുത്തി.

മൂന്നു ദിവസത്തെ സമ്മേളനത്തിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, ഗവേഷണത്തിനുള്ള സാധ്യതകൾ, സാമ്പത്തിക വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, സെൻട്രർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളും എക്കണോമിക് കോൺഫറൻസിന്റെ സംഘാടകരാണ്.

14-Feb-2025