രാഷ്ട്രപതി ഭരണം ഒന്നിനും പരിഹാരമല്ല; മണിപ്പൂരുകാർ ഒരിക്കലും ഇത് ആഗ്രഹിച്ചിട്ടില്ല: ഇറോം ശർമിള
അഡ്മിൻ
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് മണിപ്പൂരിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമിള. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം മാത്രമാണ് ഇതെന്നും അവർ പറഞ്ഞു.
''രാഷ്ട്രപതി ഭരണം ഒന്നിനും പരിഹാരമല്ല. മണിപ്പൂരുകാർ ഒരിക്കലും ഇത് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അത് യാഥാർഥ്യമായതിനാൽ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രം മുൻഗണന നൽകണം. അടിസ്ഥാന സൗകര്യങ്ങളും വികസനവും ഒരുക്കുന്നതിന് വ്യവസായികളായ സുഹൃത്തുക്കളിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കണം. മുൻകാലങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോൾ, ജനാധിപത്യ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള മറ്റൊരു മാർഗം മാത്രമായിരുന്നു അത്''-പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഇറോം ശർമിള പറഞ്ഞു.
നിലവിലുള്ള സംഘർഷാവസ്ഥ പരിഹരിക്കാൻ മെയ്‌തെയ്, നാഗ, കുക്കി കമ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന മൂന്ന് ഇൻട്രാ-സ്റ്റേറ്റ് മിനി അസംബ്ലികൾ രൂപീകരിക്കണമെന്ന നിർദേശവും ഇറോം ശർമിള മുന്നോട്ടുവെച്ചു. അത്തരമൊരു മാതൃക എല്ലാ വംശീയ വിഭാഗങ്ങൾക്കും ന്യായമായ പ്രാതിനിധ്യവും നേരിട്ടുള്ള ധനസഹായവും ഉറപ്പാക്കും. ഓരോ വംശീയ വിഭാഗങ്ങളുടെയും മൂല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ബഹുമാനിക്കപ്പെടണമെന്നും അവർ പറഞ്ഞു.
വൈവിധ്യമാണ് ഇന്ത്യയുടെ ഭംഗി. മണിപ്പൂരിന്റെ കാര്യത്തിലും ഇത് കേന്ദ്രം അംഗീകരിക്കണം. കഴിഞ്ഞ രണ്ട് വർഷത്തോളമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്രം കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിലാണ് ഇത്തരം കലാപങ്ങൾ ഉണ്ടായതെങ്കിൽ കേന്ദ്രം ഇങ്ങനെ നിശബ്ദരായി ഇരിക്കുമോ? മണിപ്പൂർ രാജ്യത്തിന്റെ ഏറ്റവും അറ്റത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ അവഗണന. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ആർക്കും ആശങ്കയില്ല. ഈ മേഖലയുടെ വികസനത്തിന് ഉപയോഗിക്കാവുന്ന കോടിക്കണക്കിന് രൂപയാണ് കലാപത്തെ ചെറുക്കുന്നതിന്റെ പേരിൽ പാഴാക്കുന്നതെന്നും ഇറോം ശർമിള പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ഞായറാഴ്ച രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 21 മാസമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ 250ൽ കൂടുതൽ ആളുകളാണ് കൊല്ലപ്പെട്ടത്.