രണ്ടാം ഘട്ടമായി 119 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്
അഡ്മിൻ
അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. രണ്ട് വിമാനങ്ങളിലായി ഇവരെ വരും ദിവസം അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശിക്കുന്നതിനിടെയാണ് ഈ സംഭവവികാസം.
ഒരു വിമാനം ശനിയാഴ്ചയും (ഫെബ്രുവരി 15) മറ്റൊരു വിമാനം ഞായറാഴ്ചയും (ഫെബ്രുവരി 16) അമൃത്സറിലെ ഗുരു റാം ദാസ് ഇന്റന്‍ഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. നാടുകടത്തപ്പെട്ടവരില്‍ പഞ്ചാബില്‍ നിന്ന് 67, ഹരിയാനയില്‍ നിന്ന് 33, ഗുജറാത്തില്‍ നിന്ന് എട്ട്, ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു
.ഈ നാടുകടത്തപ്പെട്ടവര്‍ മെക്സിക്കോ അതിര്‍ത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിച്ചതിന് ശേഷം അവരുടെ പാസ്പോര്ട്ടുകള് കീറിക്കളഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണിത്. ഫെബ്രുവരി 5 ന് അമൃത്സറില് എത്തിയ ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ കൈവിലങ്ങും കാലില്‍ ചങ്ങലയുമിട്ട് എത്തിച്ചത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാടുകടത്തപ്പെട്ടവരോട് പെരുമാറുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ യുഎസിനെ അറിയിച്ചിട്ടുണ്ട്.