കേരള ജനതയെയും വയനാടിനെയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വ്വം ദ്രോഹിക്കുകയാണ്: കെ സുധാകരന്‍

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരതയെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു.

വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികവും വയനാട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്. കേരളം ഈ വായ്പ ഒരു കാരണവശാലം ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കേരള ജനതയെയും വയനാടിനെയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വ്വം ദ്രോഹിക്കുകയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്. കേരളം വയനാട് പുനരധിവാസത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അവശ്യപ്പെടുമ്പോള്‍ ഉപാധികളോടെ വായ്പ അനുവദിക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇതു കേരള ജനതയോടുള്ള പരിഹാസമാണ്. മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

15-Feb-2025