ശ്രീകാര്യം മണ്‍വിളയിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലുണ്ടായ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ഇതുവരെ ആളപായമില്ല. നാല് നിലയുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും അഗ്‌നിയുണ്ട്.
തീ പകര്‍ന്നപ്പോഴേക്കും സമീപവാസികളെ പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയറാം രഘു, ഗിരീഷ് എന്നിവരാണ് ആശുപത്രിയില്‍ ആയിരിക്കുന്നത്. പ്ലാസ്റ്റിക്ക് കത്തിയതിനാല്‍ പുകയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് പ്രദേശത്തെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 500 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഫാക്ടറിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അഗ്‌നിബാധ ഇന്നത്തെ ഇന്ത്യ വിന്‍ഡീസ് മത്സരത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ജില്ലാ കളക്ടര്‍ കെ. വാസുകി അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഫയര്‍ഫോഴ്‌സ് മേധാവി ഉത്തരവിട്ടു. തീ പൂര്‍ണമായും അണഞ്ഞതിന് ശേഷം ഫോറന്‍സിക് അധികൃതര്‍ വന്ന് പരിശോധന നടത്തും. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നായി 30 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത് പുലര്‍ച്ചെയോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയശേഷമാണ് നിയന്ത്രണവിധേയമാക്കിയത്.
ഇന്നലെ വൈകിട്ട് 6.30നാണ് യൂണിറ്റിന്റെ മൂന്നാംനിലയില്‍ തീയും പുകയും ഉയര്‍ന്നത്. രണ്ടാം ഷിഫ്റ്റില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 120 പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തില്‍ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി.