ആർഎസ്എസ് കൊടുംക്രിമിനലുകൾ സന്നിധാനത്ത്. പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കലാപഗൂഡാലോചനയുമായി ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനെത്തിയ ആര്‍എസ്എസ്, ബിജെപി കൊടുംക്രിമിനലുകളെ സന്നിധാനത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശബരിമല നടയടയ്ക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് കറുപ്പുടുത്ത് ഭക്തരുടെ വേഷത്തിലെത്തിയ ആര്‍എസ്എസ്, ബിജെപി അക്രമകാരികള്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കിമാറ്റാന്‍ പരിശ്രമിച്ചത്. കലാപശ്രമം നടത്തിയ 28 ആര്‍എസ്എസ് ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഏറെ പണിപ്പെട്ടാണ് പോലീസിന് അറസ്റ്റ് നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചത്. സന്നിധാനത്ത് ചോരചീന്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആര്‍എസ്എസ് ക്രിമിനലുകള്‍ കൂട്ടംചേര്‍ന്നെത്തിയത്. അക്രമ ശ്രമത്തിനിടയില്‍ അവര്‍ ആര്‍എസ്എസ്,ബിജെപി നേതാക്കളെ മൊബൈലില്‍ ബന്ധപ്പെടുന്നുമുണ്ടായിരുന്നു. നേതാക്കളുടെ നിര്‍ദേശാനുസരണമാണ് പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ആക്രമകാരികള്‍ ശ്രമിച്ചത്. പൊലീസുമായി ഉന്തുംതള്ളുമുണ്ടായപ്പോള്‍ ഒരാള്‍ നിലത്തുവീണുരുണ്ടു. പോലീസ് ചവിട്ടിവീഴ്ത്തിയതാണെന്ന് ആരോപിക്കുവാനുള്ള ആര്‍എസ്എസ് പദ്ധതി വിവേകപൂര്‍ണമായ ഇടപെടലിലൂടെ പോലീസ് ഇല്ലാതാക്കി.  തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കൊടുംക്രിമിനലുകളെ പമ്പ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ നേതാക്കളുടെ നിര്‍ദേശാനുസരണം ആര്‍എസ്എസുകാര്‍ സന്നിധാനം പൊലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരുന്നു. ഇതോടെയാണ് 28 പേരെ അറസ്റ്റുചെയ്ത് പമ്പയിലേക്ക് കൊണ്ടുപോയത്.

അറസ്റ്റിലായവരില്‍ ആര്‍എസ്എസിന്റെ എറണാകുളത്തെ പ്രധാന നേതാക്കളിലൊരാളും ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്റെ സന്തത സഹചാരിയുമായ രാജേഷും ഉള്‍പ്പെടുന്നു. പതിനെട്ടാം പടിക്കു താഴെ വലിയ നടപ്പന്തലില്‍ വിരിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ സംഘര്‍ഷത്തിനിറങ്ങിയത്. രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രത്തിന് എതിര്‍വശത്തു നിന്ന് സംഘടിച്ചെത്തിയ 200 ഓളം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് തക്ബീര്‍ മുഴക്കുന്ന രീതിയില്‍ ശരണം വിളിച്ച് പ്രകോപനമുണ്ടാക്കിയത്.

സ്വാമി അയ്യപ്പനെ ഉറക്കുവാനുള്ള ഹരിവരാസനത്തിനുവേണ്ടി നൂറുകണക്കിന് യഥാര്‍ത്ഥ ഭക്തര്‍ കാത്ത് നില്‍ക്കുമ്പോഴായിരുന്നു കറുപ്പുടുത്ത സംഘി ക്രിമിനലുകളുടെ വിളയാട്ടം. മാളികപ്പുറം ക്ഷേത്രത്തിന് താഴെ നിരവധി പേര്‍ വിരിവച്ചിട്ടുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെയാണ് കൊടുംക്രിമിനലുകള്‍ ശബ്ദഘോഷത്തോടെ ഇരച്ചുകയറിയത്. നടപ്പന്തലില്‍ ഇരുപ്പുറപ്പിച്ച ഇവര്‍ ഹരിവരാസനത്തിന് ശേഷവും ബഹളമുണ്ടാക്കുകയും  തക്ബീര്‍ മുഴക്കുന്ന രീതിയില്‍ ശരണം വിളിക്കുകയും ചെയ്തു. ക്രിമിനല്‍ സംഘത്തിലുള്ള എല്ലാവരും മലയാളികളാണ്. ആര്‍എസ്എസ് ശാഖയില്‍ മുഴക്കുന്ന 'നന്ദലാലാ, രഘു നന്ദലാലാ' തുടങ്ങിയ ഗീതങ്ങളും മുഴക്കി കറുപ്പുടുത്ത ക്രിമിനലുകള്‍ സന്നിധാനത്തിന്റെ സമാധാനം നശിപ്പിച്ചു. ആര്‍എസ്എസ്, ബിജെപി നേതൃത്വം നേരത്തെ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് കൊടുംക്രിമിനലുകള്‍ സന്നിധാനം വരുതിയിലാക്കാന്‍ വേണ്ടി സംഘടിച്ചെത്തിയത്.

ഇന്നുമുതല്‍ ബിജെപിയുടെ കേന്ദ്രനേതാക്കളുള്‍പ്പെടെയുള്ളവരെ ശബരിമലയിലേക്ക് കൊണ്ടുവന്ന് വിവിധ തലങ്ങളില്‍ കലാപ ശ്രമങ്ങളുണ്ടാക്കാനാണ് ആര്‍എസ്എസ്, ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.

19-Nov-2018