നേതാക്കളുടെ ഭിന്നനിലപാട് ബിജെപിയുടെ നിലപാടില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു
അഡ്മിൻ
തിരുവനന്തപുരം: ശബരിമല സമരത്തിന്റെ പേരില്‍ ഉടലെടുത്ത ബിജെപിക്കുള്ളിലെ പൊട്ടിത്തെറി പുറത്തേക്ക്. സമര രീതി മാറാനുള്ള തീരുമാനത്തിനെതിരെ ദേശീയനിര്‍വാഹകസമിതിയംഗം വി. മുരളീധരന് എം.പി. സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സമരത്തെപ്പറ്റി വ്യത്യസ്തനിലപാടുമായി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും വെള്ളിയാഴ്ച പ്രതികരിച്ചതും ഭിന്നസ്വരങ്ങളായി. ശബരിമല സമരത്തില്‍നിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പിന്മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്നായിരുന്നു മുരളീധരന് വെള്ളിയാഴ്ച പറഞ്ഞത്. സമരം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വിശദീകരിച്ചു. പക്ഷേ, രാജഗോപാലാകട്ടെ, സമരവിഷയം യുവതീപ്രവേശമല്ലെന്നും അവിടത്തെ പൊലീസ് നടപടിയുടെയും തീര്‍ഥാടകരുടെ സൗകര്യക്കുറവിന്റെയും പേരിലാണെന്നും വ്യക്തമാക്കി സമരത്തെ ലഘൂകരിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും അദ്ദേഹം കടത്തിപ്പറഞ്ഞു.
നേതാക്കളുടെ നിലപാടുമാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ഒപ്പം അത് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും കൂട്ടുന്നു. സമരത്തില്‍നിന്ന് പിന്നാക്കംപോകുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി നേരിട്ട വലിയ ആരോപണം. ശബരിമലയില്‍നിന്ന് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറിയത് കീഴടങ്ങലാണെന്നും സര്‍ക്കാരുമായി ഒത്തുതീര്‍പ്പാണെന്നുമാണ് പ്രചാരണം. ഇതില്‍ ആര്‍എസ്എസിന് പ്രതിഷേധമുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍, ആര്‍എസ്എസിന്റെ അനുമതിയോടെയാണ് ഇപ്പോഴത്തെ സമരം തീരുമാനിച്ചതെന്നാണ് സൂചന.
സമരത്തെ ശബരിമലയില്‍നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റിയതിനുപിന്നില്‍ ക്ഷേത്രങ്ങളിലെ വരുമാനക്കുറവും കാരണമായിട്ടുണ്ടെന്നാണ് സൂചന. ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞതും കാണിക്കവരവ് കുറഞ്ഞതും സമരത്തിന്റെ വിജയമായാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വരുമാനം കുറയുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയത് ബി.ജെ.പി. അനുകൂലികളായ ജീവനക്കാരില്‍ ആശങ്ക ജനിപ്പിച്ചു. മണ്ഡലകാലത്തുമാത്രം നല്ല വരുമാനം നേടിയിരുന്ന ചെറിയ ക്ഷേത്രങ്ങളിലെ വരുമാനത്തെയും സമരം ബാധിച്ചതും പാര്‍ട്ടിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് സൂചന.
അതേസമയം ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനുവേണ്ടി പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന ആരോപണത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമവും ബിജെപി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.