നടുറോഡില്‍ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ തര്‍ക്കം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ രാത്രി 10.45ഓടെയാണ് സംഭവം ഉണ്ടായത്. വിനോദ് കൃഷ്ണയുടെ വാഹനത്തിന് മുന്നിൽ മാധവ് സുരേഷ് വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ആണ് നടുറോഡിൽ വെച്ച് തർക്കം ഉണ്ടായത്. തുടർന്ന് മാധവ് മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച് വിനോദ് കൃഷ്ണ പൊലീസിനെ വിളിച്ചുവരുത്തി.

മ്യൂസിയം പോലീസ് മാധവ് സുരേഷിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ വിനോദ് കൃഷ്ണയും സ്റ്റേഷനിൽ എത്തി. തുടർന്ന് പോലീസ് മാധവ് സുരേഷിനെ ബ്രത്തലൈസർ പരിശോധനയ്ക്ക് വിധേയനാക്കുകയും മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമാകുകയുമായിരുന്നു. തുടർന്ന് രണ്ട് പേരോടും പോലീസ് സംസാരിച്ചു. പരാതി ഇല്ലെന്ന് എഴുതി നൽകിയതോടെ രണ്ടുപേരെയും പോലീസ് വിട്ടയച്ചു.

22-Aug-2025