ജമാഅത്തെ ഇസ്‌ലാമിയുമായി അഫ്‌ലിയേറ്റ് ചെയ്ത 215 സ്വകാര്യ സ്‌കൂളുകൾ ഏറ്റെടുത്ത് ജമ്മുകശ്മീർ സർക്കാർ
അഡ്മിൻ
ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായ ഫലാഹ്- ഇ -ആമുമായി അഫ്‌ലിയേറ്റ് ചെയ്ത 215 സ്വകാര്യ സ്‌കൂളുകളുകൾ ഏറ്റെടുക്കാൻ ജമ്മുകശ്മീർ സർക്കാർ. ജമ്മുകശ്മീർ സർക്കാർ കമ്മീഷണർ സെക്രട്ടറി രാം നിവാസ് ശർമയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടും അല്ലാതെയുമായി നിരോധിച്ച ജമാഅത്തെ ഇസ്‌ലാമിയുമായി ചില സ്‌കൂളുകൾ അഫ്‌ലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് ഇൻ്റലിജൻസ് ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
215 സ്‌കൂളുകളുടെയും മാനേജിങ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതാണ്. ഈ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക്ക് ഭാവിക്ക് കോട്ടം തട്ടാതിരിക്കാൻ ജമ്മുകശ്മീർ സർക്കാർ സ്‌കൂളുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചെന്നും ഉത്തരവിൽ പറയുന്നു. കൃത്യമായ പരിശോധനകൾക്കും മറ്റ് നടപടികൾക്കും ശേഷം പുതിയ മാനേജ്‌മെന്റിനെ ഓരോ സ്‌കൂളിലും നിയമിക്കാനാണ് തീരുമാനം.
കശ്മീർ താഴ്‌വരയിലെ പാവപ്പെട്ട കുടുംബങ്ങളിൽ ഉൾപ്പെട്ട നിരവധി കുട്ടികൾ ഈ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. ഇതാദ്യമായല്ല ജമാത്തേ ഇസ്ലാമിയുമായി അഫ്‌ലിയേറ്റ് ചെയ്ത സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നത്. 2019ലാണ് ജമാഅത്തെ ഇസ്‌ലാമിയെ രാജ്യത്ത് നിരോധിക്കുന്നത്. ഇതിന് മുമ്പ് 1975ലും 1990ലും തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്.