എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ന്യൂസ് മലയാളമാണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് കടുത്ത നിലപാടിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് വി.ഡി സതീശന്‍ സൂചന നല്‍കിയത്. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമെന്ന് സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ കൂടുതല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. മാധ്യമങ്ങളോടായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

അതേസമയം, കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കി. യോഗത്തിൽ അധ്യക്ഷൻ ആകേണ്ടിയിരുന്നത് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം. പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എം.ബി രാജേഷാണ്. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്.

23-Aug-2025