ഗാസയിൽ കരയുദ്ധം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ
അഡ്മിൻ
ഗാസ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇസ്രായേൽ. ഇതിൻറെ ഭാഗമായി കരയുദ്ധം വ്യാപിപ്പിക്കാനുമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. സബ്റ പ്രദേശത്തേക്ക് ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സെയ്ത്തൂൺ പ്രവിശ്യയോട് അടുത്ത സ്ഥലമാണ് സബ്റ. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിക്കുന്നത് വൻ ആൾനാശത്തിനാകും വഴിയൊരുക്കുക. ബന്ദികളുടെ ജീവനും ഇതോടെ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി.
ഗസ്സയിലെ പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെയാണെന്ന് യുനിസെഫ് പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശക്തമായ നടപടി വേണമെന്നും യു.എൻ ഏജൻസി ചൂണ്ടിക്കാട്ടി. പട്ടിണി സൃഷ്ടിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി എക്സിൽ കുറിച്ചു.ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. 2023ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ 210 കുട്ടികൾ ഉൾപ്പെടെ 1031 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്കാംപ് പദവി രാജി വെച്ചു.