രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഒത്തുതീർപ്പ്: മന്ത്രി എംബി രാജേഷ്

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ് നടപടിയെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഒത്തുതീർപ്പെന്ന് മന്ത്രി പറഞ്ഞു. വളർത്തി കൊണ്ടുവന്നവർ ഇപ്പോഴും രാഹുലിനെ എംഎൽഎ ആയി സംരക്ഷിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും എം ബി രാജേഷ് ചോദിച്ചു. കോൺഗ്രസ് പാർട്ടിക്ക് പോലും വേണ്ടാത്ത ഒരാളെയാണ് പാലക്കാട് എംഎൽഎ സ്ഥാനത്തിൽ ഇരുത്തിയിരിക്കുന്നത്. രാഹുലിനെതിരെ പാർട്ടി നടപടി അല്ല ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും എം ബി രാജേഷ് പറഞ്ഞു.

ആരോപണം നേരത്തെ തന്നെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഇര പറഞ്ഞിരുന്നുവെന്നും എന്നാൽ ഒരു നടപടിയും എടുക്കാതെ രാഹുലിനെ എംഎൽഎയാക്കിയെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. ചില വിഗ്രഹങ്ങൾ ഉടഞ്ഞുവെന്നാണ് അവർ പറഞ്ഞത്. ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോൾ രാഹുലിനെ സംരക്ഷിക്കുന്നത്. ആരാണോ വളർത്തി കൊണ്ടുവന്നത്, എംഎൽഎയാക്കിയത് അവർ തന്നെയാണിപ്പോൾ രാഹുലിനെ സേവ് ചെയ്യുന്നതും മന്ത്രി വിമർശിച്ചു.

25-Aug-2025