ശശി തരൂരിന് ദൈവകോപമെന്ന് താന്ത്രിക സഭ

തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം തൂക്കുന്നതിനിടെ ദേവിയുടെ തുലാഭാര തട്ട് പൊട്ടിവീണ് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. ഗാന്ധാരി അമ്മന്റെ കോപം നിമിത്തമാണ് തുലാഭാര തട്ട് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റതെന്ന് താന്ത്രിക സഭ പ്രതികരിച്ചു. ഉഗ്രനാരീ ശാപമുള്ള വ്യക്തികള്‍ക്ക് ദേവീശാപമുണ്ടാകുമെന്ന് തന്ത്രസമുച്ചയത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്ത്രിക വിധിയെ കുറിച്ച് പ്രതിപാദിക്കുന്ന കുഴിക്കാട്ടുപച്ചയെന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന വിധത്തില്‍ പൂജകള്‍ നടത്തി നാരീശാപത്തിന് പ്രതിവിധി നടത്താതെ തുലാഭാരം നടത്തിയതുകൊണ്ടാണ് ശശി തരൂരിന് അപകടമുണ്ടായതെന്നാണ് തന്ത്രീമുഖ്യര്‍ പറയുന്നത്.

ഉഗ്രനാരീ ശാപമുള്ള വ്യക്തികളുമായുള്ള സംസര്‍ഗവും അവര്‍ക്ക് വേണ്ടിയുള്ള ഭിക്ഷാടനവും ദാനാദി കര്‍മങ്ങളും ദേവതാ മൂര്‍ത്തികളുടെ ഉഗ്രകോപത്തിന് ഇരയാക്കുന്ന പ്രവൃത്തികളാണ്. തന്ത്രീ മുഖ്യന്‍മാരുടെ ഈ നിരീക്ഷണത്തെ തുടര്‍ന്ന് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം എല്‍ എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിവിധീ പൂജകള്‍ നടത്തി. ഉഗ്രമൂര്‍ത്തിയായ ഗാന്ധാരിയമ്മന്‍ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിണിയുമാണ്.

മുന്‍ രാഷ്ട്രപതിയും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുള്‍കലാം അടക്കം പ്രഗത്ഭരായ പലരും ഗാന്ധാരിയമ്മന്റെ വിശ്വാസികളായിരുന്നു. ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമുള്ള ഗുരുവായൂര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന കലാം ഗാന്ധാരിയമ്മന്‍ കോവിലിന് മുന്നിലേക്ക് തിരിഞ്ഞ് മൗനം പാലിച്ചു നില്‍ക്കുന്നത് പ്രദേശവാസികള്‍ക്ക് കൗതുകകരമായ കാഴ്ചയായിരുന്നു.

ശശി തരൂരിന് ഗാന്ധാരി അമ്മന്‍ ദേവിയുടെ ശാപമുണ്ടെന്ന് വ്യക്തമായതോടെ, തിരുവനന്തപുരത്തെ വിശ്വാസി സമൂഹം തരൂരിന് വോട്ട് ചെയ്യുവാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. ദേവീ ശാപമില്ലെന്ന് തന്ത്രി പ്രമുഖന്‍മാരെ കൊണ്ട് പരസ്യമായി പറയിക്കാനുള്ള അണിയറ നീക്കവും നടക്കുന്നുണ്ട്. തുലാഭാരതട്ടില്‍ നിന്നും താഴെവീണ തരൂരിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആറ് സ്റ്റിച്ചുകളാണ് തരൂരിന്റെ തലയിലുള്ളത്. ഡോക്ടര്‍മാര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വിശ്രമം വിധിച്ചിരിക്കുകയാണ്.



15-Apr-2019