നരേന്ദ്രമോദിക്കും അമിത് ഷാക്കും തിരിച്ചടി: പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിം കോടതിയുടെ നിർദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നൽകിയ പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിം കോടതിയുടെ നിർദേശം.​ മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് കോൺഗ്രസ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. മേയ് ആറിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതികൾ തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം നൽകിയത്.

മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് 11പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. ഇതിൽ വെറും രണ്ടെണ്ണം മാത്രമേ ഇതുവരെ തീർപ്പാക്കിയുള്ളൂവെന്ന് ചിഫ് ജസ്റ്റ‌ി‌സ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിനോട് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. മേയ് ആറിന് മുൻപ് എല്ലാ പരാതികളിലും തീരുമാനം ഉണ്ടാവണമെന്നും ഇല്ലെങ്കിൽ കേസ് കോടതി പരിഗണിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

02-May-2019