കള്ളവോട്ട് ചെയ്ത മൂന്ന് ലീഗുകാർക്കെതിരെ കേസെടുക്കും; കോൺഗ്രസിന്റെ പോളിംഗ് ഏജന്റിനെതിരെയും നടപടി
അഡ്മിൻ
കള്ളവോട്ട് ചെയ്തതിന് കാസർകോട്ട് മൂന്ന് മുസ്ളീം ലീഗ് പ്രവർത്തകർക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാടായി പുതിയങ്ങാടി സ്വദേശികളായ മുഹമ്മദ് ഫയാസ്, അബ്ദുൽ സമദ്, മുഹമ്മദ് കെ.എം. എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസെടുക്കാനും, ഒത്താശ ചെയ്ത പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിദ്ധ്യ നിയമ പ്രകാരം കൃത്യവിലോപത്തിനും കേസെടുക്കാൻ കാസർകോട് കളക്ടർക്ക് നിർദ്ദേശം നൽകി.
കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ മാടായി പുതിയങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ 69,70 ബൂത്തുകളിലാണ് ഇവർ കള്ളവോട്ട് ചെയ്തത്. പ്രശ്ന ബൂത്തുകളായതിനാൽ മൈക്രോ ഒബ്സർവറും വെബ് സ്ട്രീമിംഗും ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫുട്ടേജ് പരിശോധിച്ചാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ഈ ബൂത്തിലെ കോൺഗ്രസിന്റെ പോളിംഗ് ഏജന്റിനെതിരെയും നടപടിയെടുക്കും.
പലതവണ ബൂത്തിൽ കയറിയിറങ്ങിയ ആഷിക് കെ.എം. എന്ന വോട്ടർക്കെതിരെ കൂടുതൽ അന്വേഷണത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.നേരത്തേ നടന്ന തെളിവെടുപ്പിൽ ആദ്യം കുറ്റം നിഷേധിച്ച മുഹമ്മദ് അരമണിക്കൂറിന് ശേഷം സക്കീർ എന്ന ഗൾഫുകാരന്റെ വോട്ട് കള്ളവോട്ട് ചെയ്തതായി സമ്മതിച്ചു. കോൺഗ്രസ് ബൂത്ത് ഏജന്റ് നിർബന്ധിച്ചിട്ടാണ് ചെയ്തതെന്നും അറിയിച്ചു. ബൂത്തിൽ തിരക്കായതിനാൽ കള്ളവോട്ട് ശ്രദ്ധിക്കാനായില്ലെന്ന മറുപടിയാണ് പോളിംഗ് ഓഫീസർമാർ നൽകിയത്. ഇവർക്കെതിരെയും നടപടിയെടുക്കും.
ഇതോടെ കളളവോട്ട് ചെയ്തതിന് കേസിൽ കുടുങ്ങുന്നവരുടെ എണ്ണം ഏഴായി. നേരത്തെ ഇടതുമുന്നണിയുടെ നാലുപേർക്കെതിരെ നടപടിയെടുത്തിരുന്നു.