തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. ഈ വിഷയത്തിൽ കലക്ടർ അധ്യക്ഷനായ, ഡിഎഫ്ഒയും ഡോക്ടർമാരും ഉൾപ്പെട്ട നാട്ടാന പരിപാലന നിരീക്ഷണക്കമ്മറ്റിക്കാണ് വിദഗ്ധ അഭിപ്രായം ഉള്ളത്, ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നൽകാനുള്ള സംവിധാനം ഇല്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
തൃശൂർ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിലാണ് ഉടമകൾ. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.