വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥിതി​ഗതികൾ വിലയിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂരിലെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. അപകടസ്ഥലത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.

സംഭവസമയത്ത് എത്ര പേരാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതെന്നതില്‍ വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണം കഴിച്ചവരുടെ എണ്ണം ഉള്‍പ്പെടെ കണക്കിലെടുത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മരിച്ചവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും, കണ്ടെത്തിയ ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കി കണക്കെടുപ്പില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലൈസന്‍സുകാരനായ സതീശന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്നും, എടപ്പാളില്‍നിന്ന് എത്തിയ അഞ്ചുപേരെക്കുറിച്ചും അന്വേഷണം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാണാതായവരെ കുറിച്ചുള്ള വിവരശേഖരണത്തിനും അന്വേഷണങ്ങള്‍ക്കുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, വോളന്റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സജീവമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാലക്കാട് നിന്ന് പ്രത്യേക മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി സേവനം ആരംഭിച്ചിട്ടുണ്ട്.

21-Apr-2026