" അവർ പാടിയത് എല്ലാവർക്കും വേണ്ടി": വേമ്പിന്‍കുളങ്ങര ക്ഷേത്രം

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം. നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിനു വേണ്ടി ഫ്രീ ആയിട്ട് നടത്തിയ പ്രോഗ്രാമായിരുന്നു. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ് എന്ന് ക്ഷേത്രഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയാണ് വിമർശനവുമായി രംഗത്തെത്തിയത്. കോട്ടയം വേമ്പിൻകുളങ്ങര ക്ഷേത്രോത്സവത്തിനിടയിൽ 'ഈ പരദേവനഹോ' എന്ന ഗാനം ആലപിച്ചതിനാണ് വിമർശനം. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശികലയുടെ പരിഹാസം.

ക്ഷേത്രഭാരവാഹികളുടെ പ്രസ്താവന

ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ ,നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്. നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട് അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ്പ്രോഗ്രാം കൺട്രോൾ ചെയ്തത് ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു.

22-Apr-2026