ദേശീയപാത വികസനം: വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്ന് ജി.സുധാകരൻ
അഡ്മിൻ
ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള വിവാദ ഉത്തരവ് റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി തികച്ചും അവ്യക്തമാണ്. ഇതിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് ദേശീയപാത അതോറിറ്റി ചെയർമാനും കേന്ദ്ര മന്ത്രി നിതിൻ ഗ്ഡകരിക്കും കത്തയച്ചിട്ടുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി.
ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ഇടപെടലിനെ തുടർന്നാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് ഒഴുവാക്കിയിരുന്നത്. ഇതിനെതിരെ കേരളം രൂക്ഷമായി പ്രതികരിക്കുകയും മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിറുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ട് നേരത്തെ തീരുമാനം തിരുത്തിയത്. കേരളത്തെ മുൻഗണനാപട്ടികയിൽ തന്നെ നിലനിറുത്തുമെന്നും പുതിയ ഉത്തരവ് ഉടനിറങ്ങുമെന്നും ഗഡ്കരി വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത 66 വികസനം 2021നകം പൂർത്തിയാക്കാൻ ഭൂമിയേറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് മാറ്റിയത്. ഇതോടെ രണ്ട് വർഷത്തേക്ക് നടപടികൾ നിലയ്ക്കുമെന്ന ആശങ്ക ശക്തമായിരുന്നു.