ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല താനെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ തുറന്നടിച്ച് രമേശ് ചെന്നിത്തല. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊച്ചിയിൽ പികെ ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടയ്ക്ക് കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനമധ്യത്തില്‍ ഉണ്ടാകുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചര്‍ച്ചകളെയും പ്രസ്താവനകളെയും അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം ചര്‍ച്ചകളില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

25-Apr-2026