ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി പ്രകാശ് രാജ്

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി രാഘവ് ഛദ്ദയെ രൂക്ഷമായ പരിഹാസത്തോടെ നേരിട്ട് നടൻ പ്രകാശ് രാജ്. രാഘവ് ഛദ്ദയുടെ നിലപാടുമാറ്റത്തെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിൽ ചേരുന്നതിനോടാണ് താരം ഉപമിച്ചത്. എഎപി മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന ഛദ്ദയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ്.

“കുറ്റകൃത്യങ്ങൾ തടയുക എന്ന ആശയത്തിൽ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാൽ ഞാൻ അവിടം വിടുന്നു, പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദി.” ഇങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്. ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് ഇൻസ്റ്റാഗ്രാമിലും മറ്റും വൻതോതിൽ ഫോളോവേഴ്സിനെ നഷ്ടപ്പെടുകയാണ്. 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഛദ്ദയെ അൺഫോളോ ചെയ്തത്. ‘#UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.

25-Apr-2026