ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കൊൽക്കത്തയിൽ നാടകീയമായ അർദ്ധരാത്രി പ്രതിഷേധങ്ങളും ആരോപണ പ്രത്യാരോപണങ്ങളും. ഭവാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
മുഖ്യമന്ത്രി മമത ബാനർജി വാഹനത്തിൽ അസ്വാഭാവികമായി എന്തോ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. വോട്ടെണ്ണൽ കഴിയും വരെ സ്ട്രോങ്ങ് റൂമുകൾക്ക് കാവൽ നിൽക്കാൻ ബിജെപി നേതൃത്വം പ്രവർത്തകർക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
അതേസമയം, സ്ട്രോങ്ങ് റൂമിലെ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി കൃത്രിമം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് രംഗത്തെത്തി. സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ്ങ് റൂമിന് മുന്നിലെത്തിയ മമത, വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി ആരോപിച്ചു.
ആവശ്യമെങ്കിൽ താൻ നേരിട്ട് വോട്ടെണ്ണൽ ഹാളിൽ കാവലിരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഇതോടെ ഇരുവിഭാഗം പ്രവർത്തകരും തെരുവിലിറങ്ങിയത് നഗരത്തിൽ വലിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി.
എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന സാധാരണ നടപടിക്രമങ്ങൾ മാത്രമാണ് സ്ട്രോങ്ങ് റൂമിൽ നടന്നതെന്നും ഇവിഎം സൂക്ഷിച്ച മുറികൾ തുറന്നിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ വ്യക്തമാക്കി.