തമിഴ്‌നാട്ടിൽ സ്റ്റാലിന് അപ്രതീക്ഷിത പരാജയം ; ചരിത്ര വിജയവുമായി വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ നടുക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂർ മണ്ഡലത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 9,121 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.

രൂപീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നടൻ വിജയ്‌യുടെ ടിവികെ മാറുമ്പോഴും തമിഴ്‌നാട് ഒരു തൂക്കുമന്ത്രിസഭയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. 109 സീറ്റുകളിൽ ടിവികെ മുന്നേറുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് ഒൻപത് സീറ്റുകളുടെ കുറവുണ്ട്. നേരിയ വോട്ട് വ്യത്യാസം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ ഇനിയുള്ള മണിക്കൂറുകളിൽ നിർണ്ണായകമാകും.

അതേസമയം, ടിവികെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനില്ലെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. ടിവികെ തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാവ് സി. പൊന്നയ്യൻ പറഞ്ഞു. നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് വിജയ്‌യുടെ പാർട്ടിക്ക് ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും 90 ശതമാനം വരുന്ന ഗ്രാമീണ വോട്ടുകൾ എണ്ണിത്തീരുമ്പോൾ ചിത്രം മാറുമെന്നും പൊന്നയ്യൻ അവകാശപ്പെട്ടു.

സംസ്ഥാനത്തുടനീളം വീശിയടിച്ച വിജയ് തരംഗത്തിൽ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഡിഎംകെ അഞ്ച് സീറ്റുകളിൽ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിലുള്ളത്. എഐഎഡിഎംകെ 45 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.

05-May-2026