മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം മാത്രം മാനദണ്ഡമാകരുതെന്ന് ചെന്നിത്തല
അഡ്മിൻ
മുഖ്യമന്ത്രി പദത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയതായി വിവരം. രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അദ്ദേഹം നേരില്‍ കണ്ടു എന്നാണ് ലഭിക്കുന്ന വിവരം.അതേസമയം കൂടിക്കാഴ്ചയില്‍ തന്റെ അവകാശവാദങ്ങള്‍ ചെന്നിത്തല മുന്നോട്ടുവെച്ചതായാണ് സൂചന.
2021ല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയത് എംഎല്‍എമാരുടെ പിന്തുണക്കുറവുകൊണ്ടല്ലെന്നും, തനിക്കു പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം മാത്രം മാനദണ്ഡമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കെ സി വേണുഗോപാല്‍ക്ക് 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. ചെന്നിത്തലക്ക് 25 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും, വി ഡി സതീശന് ഏകദേശം അത്രത്തോളം പിന്തുണ പ്രതീക്ഷിക്കുന്നുവെന്നുമാണ് സൂചന.
എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി എംഎല്‍എമാരുടെ അഭിപ്രായം തേടും. നിയമസഭാ കക്ഷിയോഗത്തിന് മുമ്പ് വ്യക്തിപരമായ കൂടിക്കാഴ്ചകളാണ് പദ്ധതിയിടുന്നത്.മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കണമെന്ന് വി ഡി സതീശന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ദീപ ദാസ് മുന്‍ഷി എംഎല്‍എമാരുടെ അഭിപ്രായ ശേഖരണ സമയത്ത് ഉണ്ടാകരുതെന്നും വി ഡി പക്ഷം നിലപാട് അറിയിച്ചു.