വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന് ​ഗവർണർ

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ടി.വി.കെ നേതാവ് വിജയ് സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന നിലപാടിലാണ് ഗവർണർ. നാളെ സത്യപ്രതിജ്ഞ നടത്താനിരിക്കെ ഗവർണർ എടുത്ത ഈ നിലപാട് രാഷ്ട്രീയ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുമതി നൽകാനാകൂവെന്നതാണ് ഗവർണറുടെ നിലപാട്, ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ് അവകാശപ്പെടുന്നത് 113 എം.എൽ.എമാരുടെ പിന്തുണയാണെങ്കിലും, ഭൂരിപക്ഷത്തിനാവശ്യമായത് 118 സീറ്റുകളാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നെ കണ്ടതിന് പിന്നാലെയാണ് ഈ പരാമർശം ഉണ്ടായത്. ഗവർണറുടെ ഈ നീക്കം രാഷ്ട്രീയപരമാണെന്നാണ് ചിലരുടെ ആരോപണം.

പിന്തുണ ഉറപ്പിച്ചതായി വിശ്വസിച്ചിരുന്ന വിജയുടെ നേതൃത്വത്തിൽ നാളെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താനുള്ള ഒരുക്കങ്ങളായിരുന്നു നടന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാറ്റിവയ്ക്കേണ്ടിവരുമെന്നാണു സൂചന. ഇതുവരെ ഗവർണർ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.

തമിഴ്നാട്ടിൽ മതേതര കക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയുടെ ശ്രമം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെയ്ക്ക് നിബന്ധനകളോടെ പിന്തുണ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

06-May-2026