കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രി ആകാന്‍ കെസി വേണുഗോപാല്‍ ചരടുവലി നടത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയമെന്നാണ് ജമാഅത്തെ നേതാവ് ഡോ. അബ്ദുസ്സലാം അഹമദിന്റെ വിമര്‍ശനം.

'ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ പണം ചെലവഴിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം എംഎല്‍എമാരെ വിലക്കു വാങ്ങി അവരുടെ നേതാക്കളാകുവാന്‍ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടമാണിതെന്നാണ്' വിമര്‍ശനം.

'ആര്‍എസ്എസിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി, രാഹുല്‍ഗാന്ധിയുടെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും?' സാമൂഹ്യമാധ്യമത്തിലെ പോസ്റ്റില്‍ പറയുന്നു.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമാന്‍ഡെങ്ങാനും തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത സകല മനുഷ്യരും തെരുവിലിറങ്ങണം. സമ്മതിക്കരുതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

08-May-2026